തിരുവല്ലയിൽ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം; പമ്പിംഗ് തടസ്സപ്പെട്ടു; 5 ദിവസം വെളളം മുടങ്ങുമെന്ന് അധികൃതർ
പത്തനംതിട്ട: തിരുവല്ലയിൽ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം. സംഭവത്തെ തുടർന്ന് പമ്പിംഗ് തടസ്സപ്പെട്ടതിനാൽ 5 ദിവസം വെളളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് തീപിടുത്തമുണ്ടായത്. ശുദ്ധീകരണ ശാലയുടെ ഉള്ളിൽ കേബിളുകൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. ഡിസംബർ 7ാം തീയതി വരെ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മിക്ക പഞ്ചായത്തുകളിലും ജലവിതരണം നടക്കുന്ന സ്ഥലമാണ് തിരുവല്ലയിലെ ഈ ശുദ്ധീകരണശായിലാണ് തീപിടുത്തമുണ്ടായത്.
തിരുവല്ല നഗരസഭയിൽ പൂർണ്ണമായി കുടിവെള്ളം മുടങ്ങും. കവിയൂർ, കുന്നന്താനം, പെരുങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി, വേങ്ങൽ, നെടുമ്പുറം, കല്ലിങ്ങൽ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വ, തലവടി തുടങ്ങിയ പഞ്ചായത്തുകളിലും ഇവിടെ നിന്നാണ് ജലവിതരണം നടക്കുന്നത്. ഇത് പരിഹരിക്കാൻ കുറച്ച് ദിവസങ്ങളെടുക്കും. പൊട്ടിത്തെറിയുടെ വ്യാപ്തി പരിശോധിച്ചു വരുന്നതേയുള്ളൂ എന്നും അധികൃതർ അറിയിച്ചു.