ഓട്ടോയുടെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിച്ചത് ഇഷ്ടപ്പെട്ടില്ല; പിന്നാലെ വാക്കേറ്റവും കൈയ്യകളിയും; വിഴിഞ്ഞത്ത് ഡ്രൈവർക്ക് കുത്തേറ്റു
വിഴിഞ്ഞം: ഓട്ടോയുടെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കത്തികൊണ്ട് കുത്തേറ്റു. വിഴിഞ്ഞം കരയടിവിള സ്വദേശി ദിലീപിനാണ് (30) ഇന്നലെ രാത്രിയോടെയാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഖിൽ രാജ്, വിജയൻ എന്നിവർക്കെതിരെ വിഴിഞ്ഞം പോലീസ് വധശ്രമത്തിനുൾപ്പെടെ കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
ഇന്നലെ രാത്രി ദിലീപിന്റെ ഓട്ടോറിക്ഷയുടെ ഹെഡ്‌ലൈറ്റ് വെളിച്ചം റോഡ് സൈഡിലിരുന്ന് സംസാരിക്കുകയായിരുന്ന അഖിൽ രാജിന്റെയും വിജയന്റെയും മുഖത്തേക്ക് അടിച്ചു. ഇതേത്തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വഴിമാറി. ഇതിനിടെ ഇരുവരും ചേർന്ന് ദിലീപിന്റെ മുതുകിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.