ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 160 വാര്‍ഡുകളിലും മഞ്ഞള്‍ കൃഷി; വിജയം കണ്ട് ബാലുശ്ശേരിയിലെ മഞ്ഞള്‍ ഗ്രാമം പദ്ധതി
കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 160 വാര്‍ഡുകളിലും മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കാന്‍ ആരംഭിച്ച മഞ്ഞള്‍ ഗ്രാമം പദ്ധതി വിജയകരം. തുടക്കത്തില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ വിളവെടുപ്പ് നടന്നു. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മണ്ഡലത്തില്‍ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാര്‍ഡുകളിലും ആ വിള കൃഷി ചെയ്യുന്നതിനും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിര്‍ദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് മഞ്ഞള്‍ ഗ്രാമം പദ്ധതി ആരംഭിച്ചത്. മണ്ഡലത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എകീകരിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ കാര്‍ഷിക സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.
കെ എം സച്ചിന്‍ ദേവ് എംഎല്‍എ വിളവെടുപ്പ് നടത്തി. ഒമ്പത് കൃഷിക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്താണ് ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മഞ്ഞള്‍ കൃഷി ചെയ്തത്. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും മണ്ഡലത്തില്‍ വിജയകരമായി പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചു. കര്‍ഷകക്കൂട്ടങ്ങളും ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ഒരുമിച്ച് നിന്നാല്‍ ലാഭകരമായി മഞ്ഞള്‍ കൃഷി ചെയ്യാം എന്ന് തെളിയിക്കുകയാണ് പദ്ധതി.
ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ പരമാവധി സ്ഥലം കണ്ടെത്തി മഞ്ഞള്‍ കൃഷി നടത്തുന്നതിനും വിളവെടുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. നിലവില്‍ നടുവണ്ണൂര്‍, കായണ്ണ, ബാലുശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് വ്യാപകമായി മഞ്ഞള്‍ കൃഷി നടത്തിവരുന്നത്. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം, കുടുംബശ്രീ ഗ്രൂപ്പുകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്ന് സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു.