ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ അപകടം; ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മാന്നാർ: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കാരാത്തറയിൽ അജിത്ത് (ജയൻ)- ജയ ദമ്പതികളുടെ മകൻ ജഗൻ നാഥൻ (23-കണ്ണൻ) ആണ് മരിച്ചത്.
രണ്ടാം വാർഡിൽ മുലയിൽ അരുൺ നിവാസിൽ ശ്രീക്കുട്ടൻ പി ഹരി, ബൈക്ക് ഓടിച്ച 15-ാം വാർഡിൽ ചേരാപുരത്ത് വിഷ്ണു എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലാണ്. സ്കൂട്ടർ ഓടിച്ചിരുന്ന കറുകണ്ടത്തിൽ ബിജിത്ത് ( 22 ), ചേന്നാത്തുതറയിൽ സന്ദീപ് ( 20 ) , പള്ളിപ്പാട് സ്വദേശി കണ്ണൻ (22) എന്നിവരും പരിക്കേറ്റ് ആശുപത്രി ചികിത്സയിലാണ്. ബുധൻ രാത്രി 11 ന് ഇരമത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിനു സമീപമാണ് അപകടം നടന്നത് .
ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കണ്ട് കൂട്ടുകാരോടൊത്ത് ബൈക്കിൽ വരവെ അമിത വേഗതയിൽ എതിരെ വന്ന സ്കൂട്ടർ കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംതെറ്റി ജഗൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജഗനെ പരുമല സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.