മോഷ്ടിച്ച ബൈക്കിന് സ്പ്രേ പെയിന്റടിച്ചു, നമ്പർ പ്ലേറ്റ് മാറ്റി; പിടിക്കപ്പെടില്ലെന്ന് കരുതി കറക്കം; ഒടുവിൽ പെട്രോളടിക്കാനായി പമ്പിലെത്തിയപ്പോൾ മുന്നിൽ ഉടമ; വർക്കലയിൽ യുവാക്കൾ പിടിയിൽ

Update: 2026-02-05 07:07 GMT

തിരുവനന്തപുരം: വർക്കലയിൽ മോഷ്ടിച്ച ബൈക്കിന്‍റെ നിറം മാറ്റി പെട്രോൾ അടിക്കാനെത്തിയപ്പോൾ ഉടമയുടെ മുന്നിൽപ്പെട്ട് രണ്ട് യുവാക്കൾ. വർക്കല കിളിതട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്‍റെ ബൈക്കാണ് ഞായറാഴ്ച മോഷണം പോയത്. നമ്പർ പ്ലേറ്റ് മാറ്റി സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിച്ചാണ് പ്രതികൾ ബൈക്ക് ഓടിച്ചിരുന്നത്.

വാഹനം തിരിച്ചറിഞ്ഞ് അമൽ ചോദ്യം ചെയ്യാൻ വന്നതോടെ പ്രതികളിലൊരാളായ ജയേഷ് എന്ന വിഷ്ണു (18) ഓടി രക്ഷപ്പെട്ടു. എന്നാൽ ബൈക്ക് ഓടിച്ചിരുന്ന ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുലിനെ (20) അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. നിറം മാറ്റിയ ബൈക്കുമായി പെട്രോൾ പമ്പിലെത്തിയ പ്രതികളെ ഉടമ തിരിച്ചറിഞ്ഞതോടെയാണ് ഒരാൾ പിടിയിലാവുകയും മറ്റേയാൾ പിന്നീട് അറസ്റ്റിലാവുകയും ചെയ്തത്.

മോഷണത്തിന് പിന്നാലെ അമൽ സി സി ടി വി ദൃശ്യങ്ങൾ സഹിതം വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം സ്വന്തം നിലയിലും സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് അദ്ദേഹം അന്വേഷണം തുടർന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം നടത്തിയ തെരച്ചിലിനിടെയാണ് നിറം മാറ്റിയ ബൈക്ക് അമലിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

Tags:    

Similar News