ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സഭയെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും പള്ളികളില്‍
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന, വീടുകള്‍ തോറും കയറിയുള്ള സ്‌നേഹയാത്ര ഉണ്ടായില്ല. പകരം ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജെപി നേതാക്കള്‍ തീരുമാനിച്ചത്.
തിരുവനന്തപുരം പാളയം ലൂര്‍ദ് ഫെറോന പള്ളിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖേര്‍ സന്ദര്‍ശനം നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ബിജെപി അധ്യക്ഷനുമായി ഉണ്ടായത് അവിചാരിതമായ കണ്ടുമുട്ടലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
തൃശ്ശൂര്‍ അതിരൂപതാ ബിഷപ്പ് കൗണ്‍സിലിലെത്തിയ മന്ത്രി സുരേഷ് ഗോപി ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ടു. ഇരുവരും മധുരം കൈമാറി. പിന്നീട് തൃശ്ശൂരിലെ പുത്തന്‍ പള്ളി, ഒല്ലൂര്‍ പള്ളി എന്നിവടങ്ങളിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പേതന്നെ സ്നേഹയാത്ര എന്ന പേരില്‍ ബിജെപിയുടെ ബൂത്ത് തലം മുതലുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യേശുദേവന്റെയും ചിത്രങ്ങളുള്ള ആശംസാകാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍, ഇക്കുറി സ്നേഹയാത്ര ഇല്ലെന്നത് വാര്‍ത്തയായിരുന്നു. പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് ഇതെന്നാണ് നേതൃത്വം പറയുന്നത്.