ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുടെ അച്ഛനിൽ നിന്നും കൈക്കൂലി വാങ്ങി; പൊലീസുകാരന് സസ്പെൻഷൻ; നടപടി മൂന്ന് ക്രിമിനൽ കേസുകളിൽ കൂടി പ്രതിയായ ഉദ്യോഗസ്ഥനെതിരെ
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്നും കൈക്കൂലി വാങ്ങിയ പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെതിരെയാണ് നടപടി. ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുമ്പ് തുമ്പ സ്റ്റേഷനിലായിരുന്നു ഷബീർ.
തുമ്പ സ്റ്റേഷനിലായിരിക്കെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്നും ഇയാൾ കൈക്കൂലി കൈപ്പറ്റുകയായിരുന്നു. 2000 രൂപ ഗൂഗിൾ പേ വഴി ഷബീർ വാങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
എന്നാൽ ഷബീർ തന്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇക്കാര്യം സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയതോടെയാണ് ഷബീറിനെതിരെ നടപടിയുണ്ടായത്. സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ഷബീർ. കെ-റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.