ട്രാഫിക് എസ്.ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് റവന്യൂ ജീവനക്കാരന്‍; ലോറി ഉടമയില്‍ നിന്നും ഗൂഗിള്‍പേ വഴി പണം വാങ്ങിയത് സ്വന്തം അക്കൗണ്ടില്‍; അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്‍ഷന്‍

അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്‍ഷന്‍

Update: 2025-09-10 15:10 GMT

അടൂര്‍: ട്രാഫിക് എസ്ഐക്ക് വേണ്ടിയുള്ള കോഴപ്പണം ലോറി ഉടമയുടെ പക്കല്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങുകയും അതിനുള്ള കമ്മിഷന്‍ കൈപ്പറ്റുകയും ചെയ്ത റവന്യൂ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. താലൂക്ക് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് എസ്. ആര്‍. വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ്.

പോലീസ് വിജിലന്‍സിന്റെ ശുപാര്‍ശ പ്രകാരം റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്.സുമേഷ് ലാലിനു വേണ്ടി മണല്‍ കടത്തുന്ന ലോറി ടിപ്പര്‍ ഉടമകളില്‍ നിന്നും പണം ഗൂഗിള്‍ പേ വഴി വിഷ്ണു വാങ്ങി എന്നാണ് കണ്ടെത്തല്‍. സബ് ഇന്‍സ്പെക്ടറുടെ ബന്ധുവാണ് വിഷ്ണു. 59,000 രൂപയാണ് വാങ്ങിയത്. ഇതില്‍ നിന്നും 10,050 രൂപ കമ്മീഷനായി വാങ്ങിയ ശേഷം ബാക്കി തുക സബ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയതായിട്ടാണ് വിജിലന്‍സ് കണ്ടെത്തിയത്.

Tags:    

Similar News