വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ സംശയം; പോലീസ് വാഹനം കണ്ടയുടന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം; പിടികൂടി പരിശോധനയില്‍ കിട്ടിയത് 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍; ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Update: 2025-05-05 10:26 GMT

എറ്റുമാനൂര്‍: നിരോധിത മയക്കുമരുന്നായ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പശ്ചിമബംഗാളിലെ ഉത്തര്‍ ദിനജ്പുര്‍ സ്വദേശിയായ ഇല്യാസ് അലി (35) എന്നയാളെ എറ്റുമാനൂരിനടുത്തുള്ള പ്രാവട്ടം ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയം തോന്നിയ ഇല്യാസ് അലിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. പോലീസ് വാഹനം കണ്ടയുടന്‍ അയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വില്‍പനയ്ക്ക് സൂക്ഷിച്ച 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. കൂടാതെ, ലഹരി വില്‍പനയില്‍ നിന്നു സമ്പാദിച്ചതായി സംശയിക്കുന്ന പണവും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

എറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍സലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍ദേവ്, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സൈഫുദ്ദീന്‍, സെബാസ്റ്റ്യന്‍, എച്ച്.ജി. സാബു എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. പ്രതിക്ക് എതിരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    

Similar News