കാലിക്കറ്റ് സാര്‍വകലാശാലയിലും ഉത്തരക്കടലാസ് നഷ്ടം; പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കിയത് ജൂണ്‍ 29ന്; ആറ് മാസം ആയിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഉത്തരക്കടലാസ് തന്നെ നഷ്ടമായതായി അറിയുന്നത്
കോഴിക്കോട്: കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടിലെ ഓറിയന്റല്‍ കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ഒരു വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയത്തിനായി നല്‍കിയ ഉത്തരക്കടലാസ് നഷ്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
2023 ജൂണ്‍ 29-നാണ് വിദ്യാര്‍ത്ഥി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയത്. അറുമാസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സര്‍വകലാശാലയെ സമീപിച്ചപ്പോള്‍ ആദ്യമായി 'മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്' എന്ന മറുപടി കിട്ടി. വിദ്യാര്‍ത്ഥിയുടെ മാതാവ് കാര്യങ്ങള്‍ അന്വേഷിച്ച് സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ പല ഇടങ്ങളിലേക്ക് വിളിക്കണമെന്ന നിര്‍ദ്ദേശം മാത്രമേ ഉദ്യോഗസ്ഥര്‍ നല്‍കിയുള്ളൂ. നേരിട്ട് സര്‍വകലാശാലയിലെത്തിയപ്പോള്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ ഉത്തരക്കടലാസ് തന്നെ നഷ്ടമായിട്ടുണ്ടെന്ന് മനസ്സിലായി.
പേപ്പര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയ വിദ്യാര്‍ഥി പിന്നീട് ജോലി ശരിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ഇതിനുശേഷമാണ് മൂല്യനിര്‍ണയത്തിന്റെ റിസള്‍ട്ട് സംബന്ധിച്ച് അന്വേഷിക്കാന്‍ മാതാവിനോട് ആവശ്യപ്പെടുന്നത്. സര്‍വകലാശാലയില്‍ നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെയാണ് കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷനില്‍ ബന്ധപ്പെടുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടുവെന്നുള്ള വിവരം അറിയുന്നത്.