ജെവാർഗി ബൈപാസിന് സമീപം കേട്ടത് ഉഗ്ര ശബ്ദം; നിയന്ത്രണം തെറ്റിയെത്തിയ 'ഇന്നോവ' കാർ മറിഞ്ഞ് അപകടം; കർണാടകയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരന്മാർക്കും ദാരുണാന്ത്യം
കലബുറഗി: കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ. 2012 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഈ ദാരുണമായ സംഭവം നടന്നത് ചൊവ്വാഴ്ച കർണാടകയിലെ കലബുറഗിയിലാണ്. ജെവാർഗി താലൂക്കിലെ ഗൗനള്ളി ക്രോസിന് സമീപം ഇവർ സഞ്ചരിച്ച ഇന്നോവ കാർ മറിയുകയായിരുന്നു. വിജയപുരയിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്നു ഇവർ. മഹന്തേഷ് ബിലഗി, അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ശങ്കർ ബിലാഗി (55), ഈരണ്ണ ബിലാഗി (53), ഈരണ്ണ സിരസംഗി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തിൻ്റെ ആഘാതത്തിൽ സഹോദരന്മാരായ ശങ്കർ ബിലാഗിയും ഈരണ്ണ ബിലാഗിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മഹന്തേഷ് ബിലഗിയെ ഉടൻതന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാഹനമോടിച്ച ഡ്രൈവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണ് സംഭവിച്ചത്.