പൊല്‍പുള്ളിയില്‍ കാര്‍ അപകടം; വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക്; പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്ന് കാര്‍ പൊട്ടിത്തെറിച്ചതാകാം എന്ന് മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: പൊല്‍പുള്ളിയില്‍ രണ്ട് കുട്ടികളുടെ ജീവനെടുത്ത കാര്‍ അപകടത്തില്‍ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാമെന്ന നിഗമനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ട്യൂബില്‍ നിന്നുള്ള ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ അപകടം ഉണ്ടായതെന്ന പ്രാഥമിക വിലയിരുത്തല്‍. ചോര്‍ന്ന ഇന്ധനം സ്റ്റാര്‍ട്ടര്‍ മോട്ടോറിന്റെ മുകളിലേക്ക് വീണതായും വാഹന സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഉണ്ടായ സ്പാര്‍ക്ക് തീപിടിത്തത്തിന് കാരണമായിരിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്. അപകടത്തില്‍പെട്ടത് 2002 മോഡല്‍ വാഹനം ആണെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ ജീവനറ്റപ്പെട്ട ആല്‍ഫ്രഡ് (6), എമലീന (4) എന്നീ കുഞ്ഞുങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വൈകിട്ട് അവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ എല്‍സിയുടെ നില അതീവ ഗുരുതരമാണ്. 40 ശതമാനത്തിലധികം പൊള്ളലേറ്റ ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എല്‍സിയുടെ അമ്മ പാലക്കാട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.