ഡൽഹി, ആഗ്ര, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് ടൂർ പാക്കേജുകൾ; 33ഓളം പേരിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; തിരുവനന്തപുരത്ത് ട്രാവൽസ് ഉടമകൾക്കെതിരെ കേസ്
തിരുവനന്തപുരം: ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ട്രാവൽസ് ഉടമകൾക്കെതിരെ കേസെടുത്തു. 33ഓളം പേരിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം കരകുളം സ്വദേശിളാണ് തട്ടിപ്പിനിരയായത്. ഇവർ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ശാസ്തമംഗലത്തെ കെ.ടി.ഇ ടൂർസിന് എതിരെയാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ഡൽഹി, ആഗ്ര, ശ്രീനഗർ എന്നിവിടങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ കാണിച്ചാണ് പരാതിക്കാരിൽ നിന്നും ട്രാവൽസ് ഉടമകൾ പണം കൈപ്പറ്റിയത്. ഒരാൾക്ക് 56,500 രൂപയാണെന്നും കാണിച്ചാണ് ട്രാവൽസ് പരസ്യം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കരകുളം സ്വദേശി പ്രദീപ്കുമാറും സുഹൃത്തുകളായ 33 പേരും ചേർന്ന് ട്രാവൽസ് എം.ഡിയുടെ ഗൂഗിൾ പേ അക്കൗണ്ട് നമ്പരിലേക്ക് 18 ലക്ഷം രൂപ കൈമാറിയിരുന്നു.
എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും വിനോദയാത്രക്ക് കൊണ്ടുപോകാൻ ഇവർ തയ്യാറായില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും തിരികെനൽകാനും തയാറായില്ല. പ്രദീപ്കുമാർ നൽകിയ പരാതിയിലാണ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ചാർലി വർഗീസ്, മാനേജർ അശ്വതി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുത്തത്.