മമ്മൂട്ടിയുടെ ജന്മനാട് ഇനി ടൂറിസം ഗ്രാമം; ചെമ്പിനെ പരിഗണിക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി

സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്.

Update: 2024-09-10 07:29 GMT

കോട്ടയം: മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഇനി ടൂറിസം കേന്ദ്രം.ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്.

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള പിറന്നാള്‍ സമ്മാനമായാണ് ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ തീരുമാനിച്ച വിവരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.ചെമ്പിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു.ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് നിരവധിപേര്‍ ഈ ആശയം മുന്നോട്ട് വച്ചതുമാണ്.

മുറിഞ്ഞപുഴ പഴയ പാലത്തെ ഐക്കണാക്കി പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു പൊതുവായി ഉയര്‍ന്നുവന്ന നിര്‍ദ്ദേശം. ഇപ്പോള്‍ വാഹനങ്ങള്‍ ഓടുന്നില്ലാത്ത പഴയ പാലം ടൂറിസം ഐക്കണാക്കി മാറ്റി ചെമ്പിന്റെ മുഖമാക്കി മാറ്റണമെന്നാണു ആവശ്യം.

പ്രകൃതി മനോഹരമായ സ്ഥലത്തു സമയം ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ എത്തുന്നുണ്ട്.2011ല്‍ പുതിയ പാലം വന്നതോടെയാണു മുറിഞ്ഞപുഴ പഴയ പാലം ഉപയോഗമില്ലാതെയായത്.1962ല്‍ തുറന്ന പാലത്തിലേക്കു നിലവില്‍ വാഹനങ്ങള്‍ക്കു കടക്കാന്‍ സാധിക്കില്ല.താജ്മഹല്‍, ഐഫല്‍ ടവര്‍, പെട്രോണസ് ടവര്‍ തുടങ്ങിയവ പോലെ ലോകത്തെ ശ്രദ്ധേയമായ ഏതു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഒരു ഐക്കണ്‍ ഉണ്ട്.

ചെമ്പിന്റെ ടൂറിസം ഐക്കണ്‍ ആയി പാലം മാറിയാല്‍ വിവിധ ഫോറങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യാനും ഈ ഐക്കണ്‍ സഹായിക്കുമെന്നാണ് പ്രദേശത്തുകാര്‍ പറഞ്ഞത്.ഇതു വഴി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രയോജനപ്പെടുത്താം.പാലത്തിന് ഒപ്പം വിവിധ ആക്ടിവിറ്റികള്‍ക്കൂടി ചേരുമ്പോള്‍ ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങും. മുറിഞ്ഞപുഴ പാലത്തിനു സമീപമാണു മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലും ചേരുന്നത്.വര്‍ഷത്തില്‍ മുഴുവന്‍ ജലസമൃദ്ധമായ മൂവാറ്റുപുഴയാറ്റില്‍ പാലത്തോടു ചേര്‍ന്ന് വാട്ടര്‍ സ്പോര്‍ട്സ് സാധ്യതകള്‍ ഏറെയാണ്.പാരാ സെയ്‌ലിങ്, ജെറ്റ് സ്‌കി തുടങ്ങിയവ നടത്താം.

പാലത്തില്‍ നിന്നു കാണാവുന്ന ദൂരത്തിലാണു പൂക്കൈത തുരുത്ത്. ഇവിടെയുള്ള കൈത്തോടുകളും ജലയാത്രയ്ക്ക് ഉപയോഗിക്കാം. ഹൗസ്ബോട്ട് യാത്രകള്‍ക്കു സ്ഥലം പ്രയോജനപ്പെടുത്താം.140 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 45 കിയോസ്‌കുകള്‍ വരെ സ്ഥാപിക്കാം.ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ക്ക് ഇവിടെ പ്രദര്‍ശന വിപണനമൊരുക്കാം.ഒപ്പം നാടന്‍ ഫുഡ്കോര്‍ട്ടും.

കൊച്ചിയില്‍ നിന്നു വേമ്പനാടു കായല്‍ വഴി ജല മാര്‍ഗവും മുറിഞ്ഞപുഴ പാലത്തിനു സമീപത്ത് എത്താം.

കൊച്ചിക്കും കുമരകത്തിനും ഇടയിലാണു ചെമ്പു പഞ്ചായത്തിന്റെ സ്ഥാനം എന്നതു ഗുണകരം.വില്ലേജ് ടൂറിസം സാധ്യതകള്‍ ഏറെയുള്ള പ്രദേശമാണു ചെമ്പും സമീപത്തെ പഞ്ചായത്തുകളും.ഉത്തരവാദിത്ത ടൂറിസം സര്‍ക്യൂട്ടില്‍പെടുത്തി സമീപ പഞ്ചായത്തായ മറവന്‍തുരുത്തില്‍ വിവിധ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും നേരത്തെ തന്നെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്.പുഴ, കായല്‍, പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ എന്നിവയാല്‍ അനുഗൃഹീതമാണ് ഈ പ്രദേശം.

പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കികഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണ് ചെമ്പെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    

Similar News