പനിയും ഛർദിയും കൂടി; 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം; സംഭവം വയനാട്ടിൽ
വയനാട്: മുട്ടിൽ ഡബ്ള്യുഎംഒ യുപി സ്കൂളിലെ 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. പനിയും ഛർദിയും കൂടിയതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയമെന്നും അധികൃതർ പറയുന്നു. എൽപി സ്കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കുട്ടികൾ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് ശേഷം ഇന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരിന്നു. കുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 18 വിദ്യാർഥികൾക്കാണ് പനിയും ഛർദിയും വർധിച്ചത്. ഭക്ഷ്യവിഷബാധ ആണെങ്കിൽ തന്നെ അത് സ്കൂളിൽ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.
വൃത്തിയുള്ള സാഹചര്യമാണ് സ്കൂളിലെന്നും. കേടുവന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ ഇല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. വെള്ളത്തിന്റെ സാമ്പിളുകളാണ് ഇനി പരിശോധിക്കാനായി ഉള്ളത്. ഇതിന്റെ ഫലവും വന്ന ശേഷമാവും കൂടുതൽ നടപടികൾ ഉണ്ടാവുക.