സ്വഞ്ചാരികൾ ഉറപ്പായും കണ്ടിരിക്കേണ്ട ലോകത്തിലെ 10 ഡെസ്റ്റിനേഷനുകളുടെ പട്ടികയുമായി ബുക്കിങ്.കോം; ഇന്ത്യയിൽ നിന്നും ഇടം നേടിയത് കേരളത്തിലെ ആ നഗരം; കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: 2026ൽ ലോകമെമ്പാടുമുള്ള സഞ്ചാരികൾ നിർബന്ധമായും സന്ദർശിക്കേണ്ട ആദ്യ 10 യാത്രാ കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തിലെ കൊച്ചി. ബുക്കിങ്.കോം തയ്യാറാക്കിയ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരമാണ് കൊച്ചി. വിയറ്റ്നാമിലെ മുയി നെ, ചൈനയിലെ ഗ്വാങ്ഷൗ, യു.എസ്സിലെ ഫിലാഡൽഫിയ തുടങ്ങിയ പ്രമുഖ നഗരങ്ങൾക്കൊപ്പമാണ് കൊച്ചിയുടെ സ്ഥാനം. സഞ്ചാരികളെ ആകർഷിക്കുന്നതിൽ ലോകമെമ്പാടും മുന്നിട്ടുനിൽക്കുന്ന 2026ലെ യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊച്ചിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രവും ആഗോള വ്യാപാരത്തിന്റെ കേന്ദ്രവുമായിരുന്ന കൊച്ചി, സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ടതാണ്. ഇവിടുത്തെ വർണ്ണാഭമായ കൊട്ടാരങ്ങൾ, ആധുനിക ആർട്ട് കഫേകൾ, രുചികരമായ കടൽവിഭവങ്ങൾ, തീരദേശ പാചകരീതികൾ, നാളികേര ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ബുക്കിങ്.കോം എടുത്തുപറയുന്നു. ഈ നേട്ടം കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരമാണെന്നും ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂർണ രൂപം:
കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിൽ!
2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!
ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളം!
സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ — ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!
ലോകത്തിലെ ഒന്നാം നമ്പർ ട്രെൻഡിങ് ഡെസ്റ്റിനേഷനായി വിയറ്റ്നാമിന്റെ തെക്കുകിഴക്കൻ തീരത്തുള്ള മുയി നെയും, രണ്ടാം സ്ഥാനത്തായി ചൈനയിലെ ഗ്വാങ്ഷൗവും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ലിസ്റ്റിലെ മറ്റു പ്രധാന കേന്ദ്രങ്ങൾ ഇവയാണ്: ഫിലാഡൽഫിയ (യു.എസ്), പോർട്ട് ഡഗ്ലസ് (ഓസ്ട്രേലിയ), മനാസ് (ബ്രസീൽ), ബാരൻക്വില്ല (കൊളംബിയ), സാൽ (കേപ് വെർഡെ), ബിൽബാവോ (സ്പെയിൻ), മ്യൂൺസ്റ്റർ (ജർമ്മനി).
