സംരക്ഷിത വനഭൂമി കയ്യേറി വടക്കാഞ്ചേരിയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി; ചെപ്പാറ ടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുള്ള പദ്ധതി നിര്‍മ്മാണം പുനരാരംഭിച്ചത് വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ; എതിര്‍വാദവുമായി ബ്ലോക്ക് പഞ്ചായത്ത്; വിവാദം മുറുകുന്നു
സംരക്ഷിത വനഭൂമി കയ്യേറി വടക്കാഞ്ചേരിയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വിവാദ പദ്ധതിയായ 'ടേക്ക് എ ബ്രേക്ക്'നെതിരെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ നിർമ്മാണം പുനരാരംഭിച്ചതായി പരാതി. തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ ടൂറിസം കേന്ദ്രത്തോട് ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സംരക്ഷിത വനഭൂമിയിലാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് 2024 ഫെബ്രുവരി രണ്ടിന് വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്. ഇത് അവഗണിച്ചാണ് നിർമ്മാണം പുനരാരംഭിച്ചിട്ടുള്ളത്.
ടേക്ക് എ ബ്രേക്ക് വനഭൂമിയിലാണ് എന്ന് വ്യക്തമാക്കി ഡിഎഫ്ഒയും, മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറും. ഉന്നത അധികാരികളായ തൃശ്ശൂർ ജില്ലാ കലക്ടർ, ഡെപ്യൂട്ടി കളക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. സംരക്ഷിത വനഭൂമി കൈയ്യേറി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിലവിലെ സ്റ്റോപ്പ് മെമ്മൊ പിൻവലിക്കില്ലെന്നും തുടർ പ്രവർത്തനങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. മച്ചാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കയ്യേറ്റക്കാർക്ക് അനുകൂലമായി വ്യാജ രേഖകൾ ഉണ്ടാക്കിയതായും ആരോപണമുണ്ട്.
അതേസമയം, ചെപ്പാറ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിയമലംഘനം ഇല്ലെന്നും വനംവകുപ്പ് നൽകിയ സ്റ്റോ പ്പ്മെമ്മോ നിയമപ്രകാരമല്ലെന്നും അതുകൊണ്ടാണ് പിൻവലിച്ചതെന്നും വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.സുനിൽ കുമാർ അറിയിച്ചു. കുറാഞ്ചേരി കുണ്ടുകാട് റോഡിൽ പുറമ്പോക്ക് ഭൂമിയിലാണ് ടേക്ക് എ ബ്രേക്ക് നിർമ്മാണം. എട്ടു മീറ്റർ വീതിയുള്ള റോഡിൽ പദ്ധതി പ്രദേശത്ത് 24.4 മീറ്റർ വീതിയുണ്ട്. സ്ഥലം സർവെയർ അളന്ന് തിട്ടപ്പെട്ടത്തിയിരുന്നു. റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്നാണ് അനുമതി നൽകിയത്. മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ ഗുണപ്രദമാണ് പദ്ധതിയെന്നും സുനിൽ കുമാർ പറഞ്ഞു.
നേരത്തെ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി തെക്കും കരമണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. സമഗ്ര അന്വേഷണം നടത്തി ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ഡി.എഫ് ഒ, പ്രിൻസിപ്പൽ ചീഫ്ക് കൺസർവേറ്റർ, വിജിലൻസ് മേധാവി, എന്നിവർക്ക് പരാതിയും നൽകി.