ആത്മഹത്യക്കുറിപ്പെഴുതാൻ കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചു; ശല്യക്കാരനായെന്ന് കരുതി കടയുടമ മർദ്ദിച്ചു; മുറിയിലെത്തി വിഷക്കായ കഴിച്ച് കെട്ടിടനിർമാണത്തൊഴിലാളി ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പിൽ കട ഉടമയുടെയും മറ്റൊരാളുടെ പേര്; കേസെടുത്ത് പോലീസ്

Update: 2025-07-19 14:39 GMT

ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം. പി ജെ ബെന്നി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പുലയൻവഴിക്ക് സമീപത്താണ് സംഭവം. ആത്മഹത്യക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷമാണ് ബെന്നി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ടാണ് പുലയൻവഴി കറുക ജംക്ഷനു സമീപം ലോഡ്‌ജിൽ ബെന്നി മുറിയെടുത്തത്. ബെന്നി ആത്മഹത്യചെയ്യാനാണ് ലോഡ്ജിൽ മുറിയെടുത്തത്. ആത്മഹത്യ കുറിപ്പെഴുതാനായി സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചു. എന്നാൽ തന്നെ ശല്യം ചെയ്യാൻ വന്നതായി കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചു. തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദിച്ചതായും എഴുതി.

മുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും ബെന്നിയെ കാണാത്തിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ഇദ്ദേഹത്തെ അറിയാവുന്ന ആളുകളെ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിച്ചു. ബന്ധുക്കളും ലോഡ്ജ് ജീവനക്കാരും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ അവശനിലയിൽ ബെന്നിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബെന്നിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിഷക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഷുക്കൂറിനെ സൗത്ത് പോലീസ് കസ്‌റ്റഡിയിലെടുത്തു.

Tags:    

Similar News