വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചത് വിരോധത്തിനുള്ള കാരണമായി; യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; മറ്റൊരാളുടെ വീട് അടിച്ചു തകര്‍ത്തു; മൂന്നു പേര്‍ പിടിയില്‍

വീട് അടിച്ചു തകര്‍ത്തു: മൂന്നു പേര്‍ പിടിയില്‍

Update: 2025-01-27 12:55 GMT

മല്ലപ്പള്ളി: വാക്കുതര്‍ക്കത്തില്‍ മധ്യസഥത വഹിച്ചതിന്റെ വിരോധത്താല്‍ യുവാവിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കളും മറ്റും എറിഞ്ഞ കേസില്‍ മൂന്നു പേരെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പില്‍ വീട്ടില്‍ എ.എസ്. രാകേഷ്(32), കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയില്‍ മാമണത്ത് വീട്ടില്‍ എം സോനു (26), കൊല്ലം കരിക്കോട് ടികെഎം കോളേജിന് സമീപം ബിന്‍സി ഭവനം വീട്ടില്‍ എന്‍. നിസാര്‍ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടില്‍ അനീഷ് കെ. എബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമനടപടികള്‍ക്ക് വിധേയനുമായ ആളാണ്.

കുന്നന്താനം പ്ലാത്താനം തെക്കേവീട്ടില്‍ സായികുമാറിന്റെ വീട്ടിലേക്കാണ് ജനുവരി 20 ന് പുലര്‍ച്ചെ പന്ത്രണ്ടോടെ പ്രതികള്‍ സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി പ്രതികള്‍ തലേദിവസം ആഞ്ഞിലിത്താനത്ത് വച്ചുണ്ടായ വാക്കുതര്‍ക്കം ഇയാള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. അന്നു തന്നെ ഇതിന്റെ പേരില്‍ പ്രതികള്‍ ഇയാളെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പിറ്റേന്ന് പ്രതികള്‍ നാടന്‍ ബോംബ് പോലുള്ള വസ്തു വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി എറിഞ്ഞു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.

വിവരമറിഞ്ഞ പോലീസ് സായികുമാറിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, ബോംബ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ വിദഗ്ദ്ധ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. നാടന്‍ ബോംബിനു സമാനമായ വസ്തു ബോംബ് സ്‌ക്വാഡിലെ വിദഗ്ദ്ധര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സ്റ്റേഷനിലേക്ക് മാറ്റി, നിര്‍വീര്യമാക്കി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ക്കായുള്ള അന്വേഷണം കീഴ്വായ്പ്പൂര്‍ പോലീസ് ഊര്‍ജിതമാക്കുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തു.

ഒന്നാംപ്രതി രാകേഷിനെയും മൂന്നാം പ്രതി നിസാറിനെയും 23 ന് രാത്രി ഏഴോടെ രാകേഷിന്റെ വീടിനടുത്തുള്ള തോട്ടത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതി സോനുവിനെ 24 ന് വൈകിട്ട് അഞ്ചോടെ വീടിനടുത്തുനിന്നും പിടികൂടി. സായികുമാറിന്റെ വീട്ടില്‍ അതിക്രമം നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇവര്‍ ചെങ്ങരൂരുള്ള എല്‍വിന്‍ രാജനോടുള്ള പകതീര്‍ക്കാന്‍ അവിടെയെത്തി ഇയാളുടെ വീടിന്റെ ജനാലയും മറ്റും അടിച്ചുതകര്‍ത്തതായി പോലീസിനോട് വെളിപ്പെടുത്തി. ഈ കാര്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവരെ പ്രതിപ്പട്ടികയില്‍ പോലീസ് ഉള്‍പ്പെടുത്തി.

പ്രതികളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയ പോലീസ് അനീഷ് എബ്രഹാമിനെ നാലാം പ്രതിയായി ചേര്‍ത്ത് അന്വേഷണം തുടര്‍ന്നു. പെട്രോള്‍ വാങ്ങിയ കുന്നന്താനത്തെ പമ്പിലും സ്ഫോടകവസ്തുക്കള്‍ വാങ്ങിയ ചങ്ങനാശേരിയിലെ കടയിലും അന്വേഷണസംഘമെത്തി തെളിവെടുത്തു. പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ കോഴഞ്ചേരിയിലെ ഒരു ബാറിന്റെ പരിസരത്തുനിന്നും കണ്ടെടുത്തു. സ്ഫോടകവസ്തു നിര്‍മിച്ചത് രാകേഷിന്റെ വീടിന് പിന്‍വശത്ത് വച്ചാണെന്ന് പ്രതികള്‍ സമ്മതിച്ചു. അവിടെയും പരിശോധന നടത്തി. സോനു കീഴ്വായ്പ്പൂര്‍ പോലീസ് 2019 മുതല്‍ രജിസ്റ്റര്‍ ചെയ്ത 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ലഹളയുണ്ടാക്കല്‍, മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് എടുത്ത കേസുകളാണിവ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനീഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Tags:    

Similar News