അന്താരാഷ്ട്ര കസ്റ്റംസ് ദിനാഘോഷം കൊച്ചിയില്‍; ജാഗ്രതയിലൂടെയും പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് സംരക്ഷണമേകുക എന്ന ലക്ഷ്യത്തില്‍ ദിനാചരണം
അന്താരാഷ്ട്ര കസ്റ്റംസ് ദിനാഘോഷം കൊച്ചിയില്‍
കൊച്ചി: 'ജാഗ്രതയിലൂടെയും പ്രതിബദ്ധതയിലൂടെയും സമൂഹത്തെ സംരക്ഷിക്കുന്ന കസ്റ്റംസ്' (Customs protecting osciety through vigilance and commitment) എന്ന പ്രമേയത്തില്‍ കൊച്ചി കസ്റ്റംസ് ഹൗസും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റും സംയുക്തമായി അന്താരാഷ്ട്ര കസ്റ്റംസ് ദിനം ആഘോഷിച്ചു. വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ മെര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരന്‍ മുഖ്യാതിഥിയായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ (AMMA) പ്രസിഡന്റും നടിയുമായ ശ്വേത മേനോന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് നികുതിദായകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, സുതാര്യമായ നടപടികളിലൂടെ വ്യാപാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കസ്റ്റംസ് വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ ജസ്റ്റിസ് എസ്. ഈശ്വരന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ അഭിനന്ദിച്ച ശ്വേത മേനോന്‍, രാജ്യത്തിന്റെ സുരക്ഷയ്ക്കായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ ഗുര്‍കരന്‍ സിംഗ് ബെയ്ന്‍സ് ഐ.ആര്‍.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ടി. ടിജു ഐ.ആര്‍.എസ് അധ്യക്ഷപ്രസംഗം നടത്തി. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച ഇറക്കുമതിക്കാര്‍: പി.സി.ബി.എല്‍ കെമിക്കല്‍സ് ലിമിറ്റഡ്, കെ.വി.എന്‍ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആംഫെനോള്‍ എഫ്.സി.ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വി.എസ്.എസ്.സി (VSSC).
മികച്ച കയറ്റുമതിക്കാര്‍: ഹിന്‍ഡാല്‍കോ, ആംഫെനോള്‍ എഫ്.സി.ഐ ഇന്ത്യ, ഫ്‌ലോറാറ്റെക്‌സ് റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക്‌സ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
വിമാനത്താവളം & തുറമുഖം: മികച്ച വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും (CIAL), മികച്ച തുറമുഖമായി അദാനി വിഴിഞ്ഞം പോര്‍ട്ടിനെയും തിരഞ്ഞെടുത്തു.
കാര്‍ഗോ എയര്‍ലൈന്‍സ്: എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ, ഖത്തര്‍ എയര്‍വേയ്സ്, സൗദി എയര്‍ലൈന്‍സ്.
2026-ലെ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ (ണഇഛ) സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടിയ ഡെപ്യൂട്ടി കമ്മീഷണര്‍ റോയ് വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വേട്ട, ആധുനികവല്‍ക്കരണം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച 33 ഉദ്യോഗസ്ഥര്‍ക്ക് പ്രശസ്തി പത്രങ്ങള്‍ നല്‍കി. കൂടാതെ, പഠനത്തിലും നേതൃപാടവത്തിലും മികവ് തെളിയിച്ച എട്ട് കസ്റ്റംസ് കേഡറ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വ്യാപാര മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
