അച്ചൻകോവിൽ ആറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചിറ്റൂർ സ്വദേശി നബീൽ നിസാം
പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി നബീൽ നിസാം (15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറക്കടവിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
അപകടത്തിൽപ്പെട്ട ആദ്യ വിദ്യാർഥിയായ അജ്സൽ അജിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ കണ്ടെത്തുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമായി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഏഴംഗ സംഘത്തിൽപ്പെട്ട രണ്ടു വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.
നബീലിനെ കണ്ടെത്താനായി കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മെയിൻ കടവ് ഭാഗത്തുനിന്നും നബീലിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടർ നടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.