ബന്ധു പൊലീസ് സൂപ്രണ്ടെന്ന് അറിഞ്ഞതോടെ കോള്‍ കട്ട് ചെയ്തു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് റിട്ട. കോളേജ് പ്രൊഫസര്‍: ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരിലെത്തിയ തട്ടിപ്പ് കോള്‍ പൊളിച്ച് ഗൃഹനാഥന്‍
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് റിട്ട. കോളേജ് പ്രൊഫസര്‍: ഒടിപി തട്ടിപ്പ് പൊളിച്ച് ഗൃഹനാഥൻ
ചങ്ങനാശേരി: 'ഡിജിറ്റല്‍ അറസ്റ്റ്' ന്റെ പേരിലെത്തിയ തട്ടിപ്പ് കോള്‍ പൊളിച്ചടുക്കി റിട്ട. കോളേജ് പ്രൊഫസര്‍. ബന്ധു പൊലീസ് സൂപ്രണ്ടാണെന്നു പറഞ്ഞതോടെ തട്ടിപ്പുസംഘം പിന്‍വാങ്ങുകയായിരുന്നു. പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജ് റിട്ട. പ്രഫസര്‍ വാഴപ്പള്ളി അശ്വതി ഭവനില്‍ പ്രഫ. എസ്.ആനന്ദക്കുട്ടന് തിങ്കളാഴ്ചയാണ് തട്ടിപ്പുകാരുടെ വിളി എത്തിയത്.
ആനന്ദക്കുട്ടന്റെ പേരില്‍ മുംബൈയില്‍നിന്നു മലേഷ്യയിലേക്കു പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പുകാരുടെ തുടക്കം. ഈ പാഴ്‌സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നും പാഴ്‌സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും വിളിച്ചയാള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് ആനന്ദക്കുട്ടന്‍ അറിയിച്ചു. ഇതോടെ ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയതാകാമെന്നു തട്ടിപ്പുകാരന്‍ പറഞ്ഞു.
ആദ്യം ഒന്നു ഭയന്നു പോയെങ്കിലും അപ്പോഴാണു പത്രങ്ങളില്‍ വന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് ആനന്ദക്കുട്ടന് ഓര്‍മ വന്നത്. എന്തു വേണമെങ്കിലും ചെയ്‌തോളൂ, നിയമനടപടിയുമായി മുന്നോട്ട് പൊയ്‌ക്കോളാം എന്നു പറഞ്ഞ് ആനന്ദക്കുട്ടന്‍ കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിയെത്തി. ഇതോടെ തന്റെ ബന്ധു എസ്പിയാണെന്നു പറഞ്ഞതോടെ ഫോണ്‍ കട്ടായി. പിന്നെ വിളിച്ചതുമില്ല. കോട്ടയം ജില്ലാ പൊലീസ് മുന്‍ മേധാവി എന്‍.രാമചന്ദ്രന്റെ ബന്ധുവാണ് ആനന്ദക്കുട്ടന്‍.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒടിപിയുടെ പേരില്‍ തട്ടിപ്പ്
കോട്ടയം: കോട്ടയത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒടിപിയുടെ പേരിലും തട്ടിപ്പു നടത്താന്‍ ശ്രമം. ഭാഗ്യം കൊണ്ടാണ് ആര്‍പ്പൂക്കര സ്വദേശി കെ.ജയിംസ്. പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. സ്വകാര്യ കമ്പനിയുടെ താനൂര്‍ ബ്രാഞ്ചില്‍ നിന്നെന്നു പറഞ്ഞ് ഒരു സ്ത്രീയാണു കഴിഞ്ഞ ദിവസം ജയിംസിനെ വിളിച്ച് പണം ആവശ്യപ്പെട്ടത്.
കോള്‍ എത്തും മുന്‍പ് ജയിംസിന്റെ ഫോണിലേക്ക് ഒരു മെസേജ് എത്തിയിരുന്നു. ഇതു മറ്റൊരാള്‍ക്ക് അയച്ച മെസേജ് ആണെന്നും പോളിസി കാലാവധി കഴിഞ്ഞതിനാല്‍ തുക കൈപ്പറ്റാനുള്ള ഒടിപിയാണെന്നും വിളിച്ചയാള്‍ അറിയിച്ചു. സെക്ഷനില്‍ നിന്നു മറ്റൊരാള്‍ വിളിക്കുമെന്നും അപ്പോള്‍ ഈ ഒടിപി പറഞ്ഞു കൊടുക്കണമെന്നുമാണു വിളിച്ച സ്ത്രീ അറിയിച്ചത്. എന്നാല്‍ ജയിംസ് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ തുടര്‍ന്നു വന്ന കോളുകള്‍ ജയിംസ് എടുത്തില്ല.