വിറക് എടുക്കുന്നതിനിടെ ചൂണ്ടയുടെ കൊളുത്ത് കണ്‍പോളയിലേക്കു തുളച്ചുകയറി; യുവതിക്ക് തുണയായത് നേത്ര, ദന്താരോഗ്യ വിഭാഗങ്ങളുടെ കരുതല്‍
ചൂണ്ടയുടെ കൊളുത്ത് കണ്‍പോളയിലേക്കു തുളച്ചുകയറി; യുവതിക്ക് തുണയായത് നേത്ര, ദന്താരോഗ്യ വിഭാഗങ്ങളുടെ കരുതല്‍
കണ്ണൂര്‍: വിറക് എടുക്കുന്നതിനിടെ, വിറകുപുരയ്ക്കു മുകളില്‍ തൂക്കിയിട്ടിരുന്ന ചൂണ്ടയുടെ കൊളുത്ത് യുവതിയുടെ കണ്‍പോളയിലേക്കു തുളച്ചുകയറി. പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി എം.ജെ.ജിഷയാണ് കണ്ണിന് ഉണ്ടായേക്കാവുന്ന ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കണ്‍പോളയില്‍ തറഞ്ഞു കയറിയ ചൂണ്ടക്കൊളുത്തുമായി ജില്ലാ ആശുപത്രിയിലെത്തിയ യുവതിക്ക് നേത്ര, ദന്താരോഗ്യ വിഭാഗങ്ങള്‍ തുണയായി.
കണ്‍പോളയില്‍ തുളച്ചുകയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുകയായിരുന്നു ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഉടന്‍ ദന്തവിഭാഗത്തിന്റെ സേവനം തേടി. എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ഡിങ് മെഷിന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്കു ബുദ്ധിമുട്ടുകൂടാതെ മുറിച്ചുമാറ്റിയതോടെ ചൂണ്ട പൂര്‍ണമായും പുറത്തെടുക്കാനായി.
ചികിത്സയ്ക്ക് ഓറല്‍ ആന്‍ഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ.ടി.എസ്.ദീപക്, ഡെന്റല്‍ സര്‍ജന്‍ ഡോ.സഞ്ജിത്ത് ജോര്‍ജ്, ഒഫ്താല്‍മോളജിസ്റ്റ് ഡോ.ജെയ്‌സി തോമസ്, ഡോ.മില്‍ന നാരായണന്‍, സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.