പെട്രോളിങ് ഡ്യൂട്ടിക്ക് വന്ന ഡാൻസാഫ് സ്‌ക്വാഡിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; യുവാക്കളെ പിടികൂടിയത് സാഹസികമായി; കണ്ടെടുത്തത് എംഡിഎംഎ
കാസർകോട്: പരിശോധനക്കെത്തിയ പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച് യുവാക്കളെ സാഹസികമായി പിടികൂടി പോലീസ്. കാസർകോട് മംഗൽപാടി സോങ്കാലിൽ നിന്നാണ് ഇവരെ പിടികൂടിയത്. 43.77 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.
കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം (26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്കയിൽ താമസിക്കുന്ന ഷംസുദ്ധീൻ എ കെ (33) എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പെട്ട കുറ്റിക്കാടുള്ള സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിക്കാൻ പോലീസ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഡാൻസാഫ് സ്‌ക്വാഡും കുമ്പള പോലീസും ചേർന്ന് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനായെത്തിയ ഡാൻസാഫ് സ്‌ക്വാഡിന്റെ പെട്രോളിങ് ഡ്യൂട്ടിക്കിടെയാണ് പ്രതികൾ വലയിലായത്. കാസർകോട് എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർമാരായ ശ്രീജേഷ്, അനന്തകൃഷ്ണൻ, എ എസ് ഐ അതുൽ റാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.