ചെക്ക് പോസ്റ്റിലെ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ കർണാടക സർക്കാർ ബസ്സിൽ ലഹരി കടത്ത്; പരിശോധനയിൽ 8.25 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
സുല്‍ത്താന്‍ബത്തേരി: കർണാടക സർക്കാർ ബസ്സിൽ ലഹരി കടത്ത്, പിടിയിലായത് ഇതര സംസ്ഥാനങ്ങളിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്ന സംഘം. പിടിയിലായ പ്രതികൾ നിരവധി കേസുകളിലെ പോലീസ് അന്വേഷിക്കുന്ന കുറ്റവാളികൾ. ഇന്നലെ രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി പി അഖില്‍(22) എന്നിവരെയാണ് പിടികൂടിയത്. പരിശോനധനയിൽ ഇവരുടെ കയ്യിൽ നിന്നും 8.25 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.
ചെക്ക് പോസ്റ്റിലെ പോലീസിന്റെ പരിശോധനയിൽ നിന്നും ഒഴിവാകാനായിരുന്നു പ്രതികൾ കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് യാത്രചെയ്തത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലേക്ക് കടത്തുന്നതിനാൽ പോലീസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.