സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവർ പോലീസ് പിടിയിൽ

Update: 2024-10-21 14:27 GMT

പത്തനംതിട്ട: തിരുവല്ലയിൽ നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. റോഡ് വക്കിലെ കുഴിയിലേക്കാണ് ഓട്ടോ മറിഞ്ഞത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

സംഭവ സമയം ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഇയാളെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ അശോക് കുമാർ (48) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായായിരുന്നു സംഭവം. അപകട സമയത്ത് സമീപത്തായി പെയിൻറിംഗ് ജോലി ചെയ്തിരുന്ന യുവാക്കളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

Tags:    

Similar News