പൂച്ചട്ടി എടുത്തു കൊടുത്ത പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; 'ഉമ്മ തന്നാലേ കൈ വിടുള്ളൂ'വെന്ന് 54കാരൻ; നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ചെന്ന് കേസ്; വെട്ടുകാടുകാരൻ എഡിസണ് കിട്ടിയത് 14 വർഷം കഠിനതടവ്
തിരുവനന്തപുരം: അയല്‍ക്കാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസില്‍ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ എന്ന എഡിസണ് (54) 14 വർഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് വിധി പുറപ്പെടുവിച്ചത്. പ്രതിക്കെതിരെ ചുമത്തിയ വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകുമെന്ന് വിധിയിൽ പറയുന്നു.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും ഇരയായ പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. 2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ടെറസ്സിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. സമീപത്തെ പൂച്ചട്ടി എടുത്തുതരാൻ ആവശ്യപ്പെട്ട ശേഷം, ചട്ടി എടുത്തുകൊടുത്ത കുട്ടിയുടെ കൈയിൽ പ്രതി കയറി പിടിച്ചു.
"ഉമ്മ തന്നാലേ കൈ വിടുള്ളൂ" എന്ന് പറഞ്ഞ് കൈ പിടിച്ച് വലിക്കുകയും, കുട്ടി കൈ വിടാൻ ആവശ്യപ്പെട്ടിട്ടും പ്രതി വിടാതെ പിടിച്ചുനിർത്തുകയുമായിരുന്നു. ഭയന്നുപോയ കുട്ടി തുടർന്ന് പ്രതിക്ക് ഉമ്മ നൽകി. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അച്ഛനോട് നടന്ന സംഭവം വിവരിക്കുകയും, തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വലിയതുറ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. പി. സുരഭി എന്നിവര്‍ കോടതിയിൽ ഹാജരായി.