ബസിനുള്ളിൽ ആർക്കും നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ തിരക്ക്; കാലിൽ ചവിട്ടാതെ ഒന്ന് മാറി നിൽക്കുവെന്ന് വയോധികൻ; കലി കയറി മൂക്കിടിച്ച് പൊട്ടിച്ച് യുവാവ്; മർദ്ദനത്തിന്റെ ചിത്രങ്ങൾ പുറത്ത്
മലപ്പുറം: സ്വകാര്യ ബസിൽ യാത്രക്കാരനായ വയോധികനെ യുവാവ് ക്രൂരമായി മർദ്ദിച്ചു. മലപ്പുറം താഴേക്കോടിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കാലിൽ ചവിട്ടിയതിനെ ചോദ്യം ചെയ്തതിനാണ് യുവാവ് വയോധികനെ മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരികയായിരുന്ന ബസിലാണ് ആക്രമണം നടന്നത്. ബസിൽ വെച്ച് യുവാവ് വയോധികനായ ഹംസയുടെ കാലിൽ ചവിട്ടി. തുടർന്ന് അൽപം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടപ്പോൾ യുവാവ് പ്രകോപിതനായി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ മൂക്കിൻ്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. സ്കൂൾ വിട്ട സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിൻ്റെ പിൻ ഡോറിന് സമീപമാണ് അക്രമം നടന്നത്. യുവാവ് വയോധികനെ അസഭ്യം വിളിച്ച ശേഷം പലതവണ മർദ്ദിക്കുകയും പിന്നീട് കഴുത്ത് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.