സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ആരെയും ക്രൂശിക്കാൻ സമ്മതിക്കില്ല; ഗുജറാത്ത് അല്ല കേരളം എന്ന് അവർ മനസിലാക്കണം; കേരള ജനത ഒന്നായി നിൽക്കും; എമ്പുരാൻ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ തുറന്നടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സിനിമയുടെ ആരെയും ഇവിടെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ തന്നെ അവിഭാജ്യ ഘടകമാണ്.
ഇരുവർക്കും പിന്തുണ ഞാൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും.
എമ്പുരാൻ ഒരു വാണിജ്യ സിനിമ ആണെങ്കിലും ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഒന്നാണ്. സത്യം തുറന്ന് പറഞ്ഞു എന്നതിന്റെ പേരിൽ ആരെയും ഇവിടെ ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ല. ഗുജറാത്ത് അല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണം. എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.