മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം; ചില വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍: ജനങ്ങളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം; ചില വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍

Update: 2024-10-30 01:20 GMT

എടക്കര: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. ആനക്കല്ല് നഗറിലെ 2 വീടുകള്‍ക്കും മുറ്റത്തും വിള്ളലുണ്ടായി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ആനക്കല്ല് നഗറിലുള്ള ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്്കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു. പോത്തുകല്ല് വില്ലേജ് ഓഫിസര്‍ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. തരിപ്പ് അനുഭവപ്പെട്ടതോടെ ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങി ഓടുക ആയിരുന്നു.

രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ സ്‌ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്കു പോകാന്‍ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനില്‍ക്കുകയാണെന്ന് 11-ാം വാര്‍ഡ് അംഗം നാസര്‍ പറഞ്ഞു.

രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

Tags:    

Similar News