ആരോ..പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതോടെ അഗ്നിഗോളം; കൂറ്റൻ കെട്ടിടവും പിക്കപ്പ് വാനും അടക്കം കത്തിച്ചാമ്പലാകുന്ന കാഴ്ച; ഫാക്ടറിയിലെ തീപിടുത്ത കാരണം കണ്ടെത്തി അധികൃതർ

Update: 2026-01-02 09:59 GMT

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്രവർത്തിക്കുന്ന എം.ആർ.എം. എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിക്ക് വൻ തീപിടിത്തം. പുതുവത്സര ദിനത്തിൽ പുലർച്ചെ മൂന്നരയോടെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ മൂന്നുനില കെട്ടിടവും പിക്കപ്പ് വാനും പൂർണമായി കത്തിനശിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡിൽ നിന്നും പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ചുവീണതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിലെ പ്ലാന്റും ഓഫീസും ഉൾപ്പെടുന്ന കെട്ടിടമാണ് പൂർണമായും കത്തിച്ചാമ്പലായത്. പ്ലാന്റിന് മുന്നിൽ പടക്കം പൊട്ടിക്കുന്നത് കണ്ടതായി സമീപവാസികളായ ഇതരസംസ്ഥാന തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് പടക്കം മൂലമുള്ള തീപിടിത്തമെന്ന സംശയം ബലപ്പെടുന്നത്.

വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് ഫാക്ടറിയിൽ തൊഴിലാളികളാരും ഉണ്ടായിരുന്നില്ലാത്തതിനാൽ ആളപായം ഒഴിവായി.

വിവിധ പ്രദേശങ്ങളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന സ്ഥാപനമാണിത്. കോഴിക്കോട്, വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്. തീപിടിത്തത്തിന്റെ വ്യാപ്തിയും സംശയത്തിലുള്ള കാരണവും കണക്കിലെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News