കാലിക്കറ്റില്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ ജോയിന്റ് പി എച്ച് ഡിക്ക് അവസരം നേടി ഫാത്തിമ തെസ്നി; ഗവേഷണം പൂര്‍ത്തിയാക്കുക ജര്‍മനിയിലും ഇന്ത്യയിലുമായി ഫെല്ലോഷിപ്പോട് കൂടി
കാലിക്കറ്റില്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ ജോയിന്റ് പി എച്ച് ഡിക്ക് അവസരം നേടി ഫാത്തിമ തെസ്നി;
മലപ്പുറം: ജര്‍മനിയിലും ഇന്ത്യയിലുമായി ഫെല്ലോഷിപ്പോട് കൂടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ ജോയിന്റ് പി എച്ച് ഡി ക്ക് അവസരം നേടി തേഞ്ഞിപ്പലം ചെനക്കലങ്ങാടി പോക്കാട്ടുങ്ങല്‍ ഫാത്തിമ തെസ്നി. കോഴിക്കോട് ഫാറൂഖ് കോളജും ജര്‍മനിയിലെ എര്‍ഫര്‍ട്ട് യൂണിവേഴ്സിറ്റിയ്ക്ക് കീഴില്‍ വരുന്ന മാക്സ് വെബര്‍ കോളജുമാണ് ഗവേഷണ കേന്ദ്രങ്ങള്‍.
ജര്‍മനിയിലും ഇന്ത്യയിലുമായി ഫെല്ലോഷിപ്പോട് കൂടിയാണ് ഗവേഷണം പൂര്‍ത്തീകരിക്കുക. പ്രൊഫ. ഡോ. സൂസന്‍ റാവുവിന്റെയും ഡോ. അബ്ദുല്‍ നിസാറിന്റെയും കീഴില്‍ മധ്യകാല തുറമുഖ നഗരങ്ങളെക്കുറിച്ചും കച്ചവട ബന്ധങ്ങളെക്കുറിച്ചുമാണ് ഗവേഷണം. ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫാറൂഖ് കോളജില്‍ തന്നെ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
മാക്സ് വെബര്‍ കോളേജിന്റെ തന്നെ 'റിലീജിയണ്‍ ആന്‍ഡ് അര്‍ബാനിറ്റി' എന്ന ഗവേഷണ പ്രൊജക്ടില്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. ജി യു പി എസ് തേഞ്ഞിപ്പലം, വി പി കെ എം എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുത്തൂര്‍ പള്ളിക്കല്‍ , പി എസ് എം ഒ കോളജ് തിരൂരങ്ങാടി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പോക്കാട്ടുങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെയും വലിയപറമ്പന്‍ കദീജയുടെയും മകളാണ്.
കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി തൂമ്പത്ത് മുഹമ്മദ് അനീസാണ് ഭര്‍ത്താവ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജയരാജിന്റെയും പ്രോ. വി.സി. ഡോ. നാസറിന്റെയും നേതൃത്വത്തിലായിരുന്നു വിദേശ സര്‍വകലാശാലകളുമായുള്ള ജോയിന്റ് പി എച്ച് ഡി റെഗുലേഷന് അനുമതി നല്‍കിയത്. ഫാറൂഖ് കോളജ് ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ. ടി മുഹമ്മദലിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലയുമായുള്ള എം ഒ യു, ഇന്‍ഡിവിജ്വല്‍ എഗ്രിമെന്റ് തുടങ്ങിയവ തയ്യാറാക്കിയത്.