വീടിനോട് ചേര്‍ന്ന ഷെഡില്‍ തേക്ക് ഉരുപ്പടികള്‍ക്ക് തീപിടിച്ചു: തിന്നര്‍ പൊട്ടിത്തെിറച്ച് സ്ഫോടനം:കൃത്യസമയത്ത് ഇടപെട്ട് അഗ്‌നിശമന സേന

Update: 2024-10-30 05:04 GMT

അടൂര്‍: വീടിനോട് ചേര്‍ന്ന തടി ഉരുപ്പടി സൂക്ഷിക്കുന്ന ഷെഡില്‍ നിന്ന് പിടിച്ച തീയില്‍ തിന്നര്‍ പൊട്ടിത്തെറിച്ചു. വലിയ ദുരന്തത്തിന്റെ പ്രതീതി സൃഷ്ടിച്ച അഗ്‌നിബാധ സമയോചിതമായി ഇടപെട്ട് അണച്ച് അഗ്‌നിശമന സേന.

അടൂര്‍ വടക്കടത്തുകാവ് പത്മോസ് വീട്ടില്‍ രാജന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡില്‍ സൂക്ഷിച്ചിരുന്ന തേക്കുതടി ഉരുപ്പടികള്‍ക്ക് ആണ് തീപിടിച്ചത്. പെയിന്റ്, തിന്നര്‍ എന്നിവയിലേക്ക് തീ പടര്‍ന്നു പിടിക്കുകയും സമീപത്ത് അടുക്കി സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളിലേക്ക് ആളിപ്പടരുകയും ആയിരുന്നു. ഷെഡിനോട് ചേര്‍ന്നുള്ള കിടപ്പ് മുറിയിലേക്ക് തീ പടരുകയും മെത്ത, കട്ടില്‍, തുണികള്‍, അലമാര എന്നിവയ്ക്കും തീ പിടിച്ചു. അടൂര്‍ ഫയര്‍ ഫോഴ്സ് രണ്ടുമണിക്കൂറോളം പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരുടെ സഹായത്തോടെ ഷെഡിനുള്ളില്‍ നിന്നും തടി ഉരുപ്പടികള്‍ സേന പൂര്‍ണ്ണമായും നീക്കം ചെയ്തു.

തടി ഉരുപ്പടികളുടെ നിര്‍മ്മാണം നടത്തുന്ന മോട്ടോറില്‍ നിന്ന് ഉള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നത് ആകാം എന്ന് പ്രാഥമികമായി അനുമാനിക്കുന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്റെ പിന്‍ഭാഗത്ത് ഉള്ള ഷെഡില്‍ തീ പടര്‍ന്നത് വളരെ വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. തീ ആളി പടരുന്നത് കണ്ട അയല്‍വാസികള്‍ ആണ് വീട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചത്.

ഇതിനിടെ വലിയ ശബ്ദത്തോടെ വീടിന്റെ ജനല്‍ ചില്ലകളും ഷെഡിനുള്ളില്‍ തിന്നറുകള്‍ സൂക്ഷിച്ചിരുന്ന കുപ്പികളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടത് വലിയ പരിഭ്രാന്തി പരത്തി. അടൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ്, ഓഫീസര്‍മാരായ സാനിഷ്, ശ്രീജിത്ത്, സന്തോഷ് ജോര്‍ജ്, രാഹുല്‍ പ്രശോബ്, അഭിലാഷ്, സുരേഷ് കുമാര്‍, മോനച്ചന്‍,സിവില്‍ ഡിഫന്‍സ് അംഗം ജ്യോതി എന്നിവര്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ ആയിരുന്നു സംഭവം.

Tags:    

Similar News