കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു; കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത് 12 ലോഡ് ആക്രി സാധനങ്ങൾ; ഫയർഫോഴ്‌സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്ക് തീപിടിച്ച സംഭവത്തിൽ ഒഴിവായത് വൻ അപകടം. മുഹമ്മദ് ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള ഹന-സന ട്രേഡ് എന്ന കടയ്ക്കാണ് തീപിടിച്ചത്. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലാണ് വൻ തീപിടിത്തം ഒഴിവാക്കിയത്. ഫയർഫോഴ്‌സെത്തി മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇതിന് സമീപത്ത് തീപിടിത്തമുണ്ടായി വൻ നാശം റിപ്പോർട്ട് ചെയ്തിരുന്നു.
ഏകദേശം 10 ജീവനക്കാർ തീപിടിത്തം ഉണ്ടായ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതായാണ് സൂചന. കടയ്ക്കുള്ളിൽനിന്നു പുക ഉയരുന്നത് കണ്ട ജീവനക്കാർ ആണ് ഫയർഫോഴ്സിൽ വരം അറിയിച്ചത്. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നത് ആശങ്ക വർധിപ്പിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുധീഷ് ചന്ദ്രനും സംഘവും പാഞ്ഞെത്തി.
കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും മുൻപ് തീ കെടുത്താൻ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സാധിച്ചു. ഏകദേശം 12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതിൽ കടലാസ്, പേപ്പർ കവർ ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഇടപെടലിൽ കൂടുതൽ സ്ഥലത്തേക്ക് തീ പടരാതിരുന്നത് കൊണ്ട് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമല്ല.