ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന് തീ പിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്; ശരീരമാസകലം പൊള്ളലേറ്റ ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍: വന്‍ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട്

ബേപ്പൂർ ഹാര്‍ബറില്‍ ബോട്ടിന് തീ പിടിച്ചു

Update: 2024-11-10 00:01 GMT

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

തീ പിടിച്ച ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബേപ്പൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് ശനിയാഴ്ച രാത്രി 11.45-ഓടെ തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനില്‍നിന്നാണ് തീപടര്‍ന്നത്.

തീ പിടിച്ചതോടെ ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. തീപിടിച്ച ഭാഗം കരയിലേക്ക് വന്നത് വലിയ പരിഭ്രാന്തിയുണ്ടാക്കി. ഇതിനെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.

രണ്ടുദിവസം മുന്‍പാണ് ഈ ബോട്ട് മത്സ്യ ബന്ധനത്തിനായി ബേപ്പൂരിലെത്തിയത്. മീഞ്ചന്ത,ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Tags:    

Similar News