മദ്യലഹരിയിൽ അഴിഞ്ഞാട്ടം; വേങ്ങരയിലെ ഫുഡ് ഫാക്ടറിക്ക് തീയിട്ട പ്രതിയെ പൊക്കി പോലീസ്; ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിക്ക് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 20ന് നടന്ന സംഭവത്തിൽ, മദ്യലഹരിയിലാണ് താൻ കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തെളിവ് നശിപ്പിക്കാനാണ് തീയിട്ട ശേഷം സിസിടിവി ക്യാമറകൾ തകർത്തതെന്നും ദേവരാജ് സമ്മതിച്ചു.
ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നവംബർ 20ന് നടന്ന തീപിടിത്തത്തിൽ, മനഃപൂർവമാണ് തീയിട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പ്രതി വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് ഓഫീസ് സാമഗ്രികൾ നശിപ്പിക്കുന്നതും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തല്ലിത്തകർക്കുന്നതും വ്യക്തമായി കാണാം. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നാല് യുവ സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറി. നവംബർ 20ന് ഉദ്ഘാടനം നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അറിയിച്ചു.