മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?; എങ്കിൽ രാവിലെത്തെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ; കൂടുതൽ അറിയാം
മലബന്ധം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ നേരിടുന്നവർ പ്രഭാതഭക്ഷണത്തിൽ (Breakfast) പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സുഗമമായ മലവിസർജ്ജനത്തിനും സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ ഇവയാണ്:
ഓട്‌സ് (Oats): ഓട്‌സിൽ ലയിക്കുന്ന നാരുകൾ (Beta-glucan) ധാരാളമുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്നു. ചിയ വിത്തുകളോ ഫ്ളാക്സ് സീഡുകളോ ചേർത്ത് ചൂടോടെ കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
അവൽ (Poha): ദഹിക്കാൻ വളരെ എളുപ്പമുള്ള ഭക്ഷണമാണ് അവൽ. ഇതിൽ പച്ചക്കറികളും നിലക്കടലയും ചേർക്കുന്നത് നാരുകളും ധാതുക്കളും ശരീരത്തിന് ലഭിക്കാൻ സഹായിക്കും.
തൈര് (Curd): ദഹനം മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ തൈരിലുണ്ട്. പപ്പായ, ആപ്പിൾ, വാഴപ്പഴം എന്നിവയോടൊപ്പം തൈര് കഴിക്കാം. എന്നാൽ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം.
ഇഡ്ഡലിയും സാമ്പാറും: ആവിയിൽ വേവിക്കുന്ന ഇഡ്ഡലിയും നാരുകൾ അടങ്ങിയ പച്ചക്കറികൾ ചേർത്ത സാമ്പാറും ദഹനത്തിന് ഏറ്റവും അനുയോജ്യമാണ്.
മുളപ്പിച്ച പയർവർഗ്ഗങ്ങൾ: ധാരാളം എൻസൈമുകളും നാരുകളും അടങ്ങിയ ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നേരിയ ആവിയിൽ വേവിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കും.
പഴങ്ങളും നട്സും: കുതിർത്ത നട്സിനൊപ്പം പഴങ്ങൾ കഴിക്കുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും.
ഉപ്പുമാവ്: പച്ചക്കറികൾ ധാരാളമായി ചേർത്തുണ്ടാക്കുന്ന ഉപ്പുമാവ് വയറിന് അസ്വസ്ഥത കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും നല്ലതാണ്.
കുതിർത്ത ഉണക്കമുന്തിരി: രാവിലെ കുതിർത്ത ഉണക്കമുന്തിരിയും ആ വെള്ളവും കുടിക്കുന്നത് മലബന്ധം അകറ്റാനുള്ള മികച്ച മാർഗ്ഗമാണ്.
നല്ലൊരു ദിവസത്തിന് ഊർജ്ജസ്വലമായ തുടക്കം നൽകാനും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും ഈ ഭക്ഷണശീലങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.