പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം വിളമ്പൽ; അതും ഡേറ്റ് പോലുമില്ലാതെ; പിടികൂടിയ വസ്തുക്കൾ നഗരസഭക്ക് മുന്നിൽ തന്നെ പ്രദർശിപ്പിച്ച് ഉദ്യോഗസ്ഥർ; ഹോട്ടലുകളിലെ പരിശോധനയ്ക്കിടെ സംഭവിച്ചത്

Update: 2025-10-11 13:11 GMT

വർക്കല: വർക്കല ടൂറിസം മേഖലയിലെ 26 ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഇറച്ചി, മത്സ്യം, കറികൾ, എണ്ണ എന്നിവ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ചിരുന്ന ഈ ഭക്ഷണങ്ങൾക്ക് കാലാവധി തീയതി രേഖപ്പെടുത്തിയിരുന്നില്ല.

പരിശോധനയെ തുടർന്ന്, പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ പിഴ ഈടാക്കി. ഗേറ്റ് വേ, സജോയ്സ്, ഇന്ദ്രപ്രസ്ഥ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും പരിശോധന നടത്തി. പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് മുന്നിൽ പൊതുജനങ്ങളെ കാണുന്നതിനായി പ്രദർശിപ്പിച്ചു.

സംസ്ഥാന വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റ് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ പരിശോധനകൾ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു. വരും ദിവസങ്ങളിലും ഹോട്ടലുകളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Similar News