വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു; കൊച്ചിയിലെ കാറ്ററിംഗ് സ്ഥാപനം ലില്ലീസ് കിച്ചണ്‍ അടച്ചുപൂട്ടി നഗരസഭ
വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു
കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് നഗരസഭ. കൊച്ചിയിലെ എംഎം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലില്ലീസ് കിച്ചണ്‍ എന്ന കാറ്ററിംഗ് സ്ഥാപനത്തിനെതിരെയാണ് നഗരസഭ നടപടി സ്വകരിച്ചത്. സ്ഥാപനം അടച്ചുപൂട്ടുകയും ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയും കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയത്. 104 പേരടങ്ങുന്ന സംഘത്തിലെ 75 പേര്‍ക്കും കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇക്കൂട്ടത്തില്‍ അദ്ധ്യാപകരുമുണ്ടായിരുന്നു. മറൈന്‍ ഡ്രൈവിലെ മരിയ ടൂര്‍സിന്റെ ബോട്ടില്‍ നിന്നുമുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്ന് സംഘം കോഴിക്കോടേക്ക് തിരിച്ചു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്കു വിനോദയാത്ര വന്നവരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.