വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയിൽ ഭക്ഷ്യവിഷബാധ; 22 പേര് ആശുപത്രിയില്‍; രണ്ട് ഹോട്ടലുകൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു
തിരുവനന്തപുരം: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ടുകൾ. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വര്‍ക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സൂചനകൾ. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിക്കുകയും ചെയ്തു.
വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. നേരത്തെയും ഈ ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തിരുന്നു. ഒരേ മാനേജ്മെന്റിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.
ഇന്നലെയാണ് ഈ രണ്ട് ഹോട്ടലുകളിൽ നിന്നും നിരവധി ആളുകള്‍ പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചിരുന്നത്. ഇവര്‍ക്ക് രാത്രിയോടെ വയറുവേദന ഉള്‍പ്പെടെ അനുഭവപ്പെടുകയും.
രാവിലെയോടെ തലവേദനയും ഛര്‍ദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തത്. ചികിത്സ തേടിയവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.