മലപ്പുറത്ത് കസ്റ്റംസിന്റെ വമ്പന്‍ സിഗററ്റ് വേട്ട; പിടിച്ചെടുത്തത് 1.67 കോടി രൂപ വിലമതിക്കുന്ന 12.88 ലക്ഷം വിദേശ സിഗരറ്റുകള്‍: രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറത്ത് കസ്റ്റംസിന്റെ വമ്പൻ സിഗരറ്റുവേട്ട
കൊച്ചി: മലപ്പുറം കേന്ദ്രീകരിച്ച് വന്‍ സിഗററ്റ് വേട്ട. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് നടത്തിയ റെയ്ഡില്‍ കാക്കഞ്ചേരിയിലെ 'ഡെറിവെറി' വെയര്‍ഹൗസില്‍നിന്നും 12.88 ലക്ഷം വിദേശ സിഗരറ്റുകളാണ് പിടിച്ചെടുത്ത്. ഇന്ത്യന്‍ വിപണിയില്‍ 1.67 കോടി രൂപ വിലമതിക്കുന്നതാണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വെയര്‍ഹൗസിനുള്ളില്‍ 33 പാഴ്സല്‍ ബോക്സുകളിലായിരുന്നു സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനുള്ള നിയമപരമായ മുന്നറിയിപ്പുകളൊന്നും സിഗരറ്റ് പായ്ക്കറ്റുകളിലില്ലായിരുന്നു. ഡല്‍ഹി, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഈ സിഗരറ്റുകള്‍ എത്തിച്ചിരിക്കുന്നത്.
വിവിധ തുറമുഖങ്ങള്‍ വഴിയാകാം ഇത് രാജ്യത്ത് എത്തിച്ചതെന്ന് കസ്റ്റംസ് അന്വേഷണ സംഘം കരുതുന്നു. സിഗരറ്റുകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്തിലൂടെ സംസ്ഥാനത്ത് എത്തിച്ച 3,258 കിലോ വിദേശ സിഗരറ്റ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടി കത്തിച്ചുകളഞ്ഞത് രണ്ടുമാസം മുന്‍പായിരുന്നു. കൊച്ചിയില്‍ ജൂലായ് ആദ്യം നടന്ന റെയ്ഡില്‍ വാടകവീട്ടില്‍നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലക്ഷത്തിലേറെ കള്ളക്കടത്ത് സിഗരറ്റും പിടികൂടിയിരുന്നു.