സ്‌പെയിനില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെങ്കിൽ പോലും എട്ട് മാസം കാത്തിരിക്കണം; ഇവിടെയത് പത്തു മിനിറ്റില്‍ നടക്കും; കേരളത്തിലെ സർക്കാർ ആശുപത്രിയെ പുകഴ്ത്തി വിദേശ സഞ്ചാരി
ആലപ്പുഴ: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ പ്രകീർത്തിച്ച് സ്പാനിഷ് സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് തനിക്കുണ്ടായ ചികിത്സാ അനുഭവമാണ് വെറോനിക്കയെ അത്ഭുതപ്പെടുത്തിയത്. തന്റെ രാജ്യമായ സ്പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണാൻ എട്ടു മാസത്തോളം കാത്തിരിക്കണമെങ്കിൽ, ഇന്ത്യയിൽ മുൻകൂട്ടി ബുക്ക് ചെയ്യാതെ പത്തു മിനിറ്റിനുള്ളിൽ ഡോക്ടറെ കാണാൻ സാധിച്ചുവെന്ന് അവർ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു.
ഒരു സർക്കാർ ആശുപത്രി ഇത്രയും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും വെറോനിക്ക കൂട്ടിച്ചേർത്തു. ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുന്നതിനായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിയ വെറോനിക്കയ്ക്ക് അവിടെ രജിസ്റ്റർ ചെയ്ത ശേഷം പത്ത് മിനിറ്റിൽ താഴെ മാത്രമാണ് കാത്തിരിക്കേണ്ടി വന്നത്. ഈ അതിവേഗ സേവനവും കാര്യക്ഷമതയും തന്നെ അമ്പരപ്പിച്ചതായി അവർ പറയുന്നു. ഇത് ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലാണോ എന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.
'ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിലെ അനുഭവം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വെറോനിക്കയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. അതേസമയം, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന ഈ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പ്രതീക്ഷിക്കരുതെന്ന് നിരവധി പേർ വീഡിയോക്ക് താഴെ അഭിപ്രായപ്പെട്ടു. കുറച്ചുകാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന സോളോ ട്രാവലറാണ് വെറോനിക്ക.
ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വെറോനികയുടെ ഈ റീൽ കണ്ടിരിക്കുന്നത്. കേരളത്തിലേക്ക് വീണ്ടും വരണമെന്നു ക്ഷണിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഉണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
