ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് യുവാവുമായി മദ്യലഹരിൽ ആശുപത്രിയിലെത്തി; ഡോക്ടറുമാർക്കെതിരെ അസഭ്യവർഷം; സംഭവമറിഞ്ഞെത്തിയ പോലീസുകാർക്കും മർദ്ദനം; നാല് യുവാക്കൾ പിടിയിൽ
ഇടുക്കി: ആശുപത്രിയിൽ മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയത് അറിഞ്ഞെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് അപകടമുണ്ടായ സുഹൃത്തുമായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ സംഘമാണ് ആശുപത്രിയിൽ ഭീകരാന്തരീഷം സൃഷ്ടിച്ചത്. തൊടുപുഴ പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ തൊടുപുഴ പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടിൽ അമൽ (19), പാലക്കുഴ മാറിക പുത്തൻപുരയിൽ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ സുഹൃത്തായ അമലുമായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.ബഹളം കേട്ടെത്തിയ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി.
തുടർന്ന് വിവരമറിഞ്ഞ് കൺട്രോൾ റൂമിൽ നിന്ന് പോലീസുകാർ എത്തിയപ്പോൾ യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും, കൃത്യനിർവഹണത്തിന് തടസ്സം നിന്നതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.