എക്‌സൈസിനെ കണ്ടതോടെ പരുങ്ങൽ; സംശയം തോന്നി പരിശോധിച്ചപ്പോൾ ട്രോളി ബാഗിനുള്ളിൽ കഞ്ചാവ്; രണ്ട് യുവതികൾ പിടിയിൽ

Update: 2025-06-15 10:09 GMT

കൊച്ചി: ട്രോളി ബാഗുകളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് രണ്ട് യുവതികൾ പിടിയിലായത്. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ മാര്‍ഗം എറണാകുളത്ത് എത്തിയത്. കഞ്ചാവ് ചില്ലറ വിൽപ്പനക്കായി എത്തിച്ചതായിരുന്നു.

പരിശോധനക്കിടെ ഇരുവരും പരുങ്ങിയതോടെ പോലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് രണ്ടു പേരുടെയും ട്രോളി ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പനക്കാര്‍ക്ക് നൽകുന്ന ഇടനിലക്കാരാണ് പിടിയിലായതെന്നാണ് വിവരം. പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരു വഴിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. 

Tags:    

Similar News