ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തതും വാതകം പുറത്തേക്ക് ചീറ്റി; വീട്ടുകാർ പരിഭ്രാന്തരായി പുറത്തേക്കോടി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ഒടുവിൽ സംഭവിച്ചത്

Update: 2025-09-11 12:23 GMT

തിരുവനന്തപുരം: വിഴിഞ്ഞം കാക്കാമൂലയിൽ വീട്ടിലുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽനിന്നുണ്ടായ ചോർച്ച പരിഭ്രാന്തി സൃഷ്ടിച്ചു. സമീപവാസികളുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. യേശുദാസ് എന്നയാളുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.

അടുക്കളയിൽ പാചകത്തിനായി ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് ശക്തമായി വാതകം പുറത്തേക്ക് ചീറ്റിയത്. ഇതോടെ ഭയന്നോടിയ വീട്ടുകാർ, കുട്ടികളോടൊപ്പം വീടിന് പുറത്തിറങ്ങുകയും വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അയൽവാസികൾ പരിസരത്തെ വീടുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷ ഉറപ്പാക്കി.

ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച ശക്തമായി തുടർന്നതിനെത്തുടർന്ന്, സമീപത്തെ യുവാക്കൾ ചേർന്ന് അപകടാവസ്ഥയിലായിരുന്ന സിലിണ്ടർ വീടിന് പുറത്തേക്ക് മാറ്റി. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന, ചോർച്ച താൽക്കാലികമായി അടച്ച ശേഷം സിലിണ്ടർ തുറന്ന സ്ഥലത്തേക്ക് മാറ്റി സുരക്ഷിതമാക്കി. സിലിണ്ടറിന്റെ വാഷറിലുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തി. അഗ്നിശമന സേനയുടെ നിർദ്ദേശപ്രകാരം സിലിണ്ടർ മാറ്റുന്നതിനായി ഏജൻസിക്ക് നിർദ്ദേശം നൽകി. തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 

Tags:    

Similar News