'മാഷ് പറഞ്ഞത് കൃത്യമാണ്, കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ'; സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിന്തുണമായി ഗീവർഗീസ് മാർ കൂറിലോസ്

Update: 2025-08-12 16:56 GMT

കണ്ണൂർ: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ വിമർശനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിന്തുണമായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗീവർഗീസ് കൂറിലോസ് പിന്തുണയറിയിച്ചത്. ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണെന്നും കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്നും മാർ കൂറിലോസ് കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മാർ ജോസഫ് പാംപ്ലാനിക്കെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ വിമര്‍ശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ നിന്ന പാംപ്ലാനി, ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവരെ സ്തുതിച്ച് കേക്കും കൊണ്ട് സോപ്പിടാൻ പോയെന്നും സിപിഐഎം നേതാവ് പറഞ്ഞു.

Full View

അതേസമയം കേന്ദ്ര സർക്കാർ അനുകൂല പ്രസ്താവനയിൽ സിപിഐഎമ്മും സിറോ മലബാർ സഭയും തുറന്നപോരിലേക്കിറങ്ങുകയാണ്. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങി മെത്രാന്മാർക്ക് പ്രസ്താവനകൾ നടത്താൻ കഴിയില്ലെന്നാണ് തലശ്ശേരി അതിരൂപതയുടെ വിമർശനം. രാഷ്ട്രീയ വിമർശനത്തിന് സിപിഐഎമ്മിനെ ചീത്ത പറഞ്ഞ് ആർഎസ്എസിനെ സന്തോഷിപ്പിക്കാമെന്ന് ധരിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മറുപടി നൽകി. അതിരൂപതയുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു എം. വി. ഗോവിന്ദന്റെ പ്രതികരണം.

എന്നാല്‍ എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനെതിരെ തലശ്ശേരി അതിരൂപത വാര്‍ത്ത കുറിപ്പിറക്കിയിരുന്നു. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അതിരൂപത വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

Tags:    

Similar News