ജോർജിയയിൽ വച്ച് കോമയിലായി; ഒടുവിൽ മാതാപിതാക്കളെ വീണ്ടുമൊന്ന് കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അവൾ യാത്രയായി; പനി ബാധിച്ച് സോണയുടെ മരണം; വേദനയോടെ ഉറ്റവർ
കൊച്ചി: പനി ബാധിച്ച് ജോർജിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സോണ (23) മരണപ്പെട്ടു. ആലുവ തായ്ക്കാട്ടുകര എസ്.എൻ. പുരം റോയ്-ജിജി ദമ്പതികളുടെ മകളാണ് സോണ. മാതാപിതാക്കളെ വീണ്ടുമൊന്ന് കാണാൻ കഴിയാതെയാണ് സോണ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.
ശക്തമായ തലവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുൻപാണ് എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സോണയെ ജോർജിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെ, സമാന രോഗലക്ഷണങ്ങളോടെ അടുത്തിടെ ഒരു കുട്ടി മരണപ്പെട്ടിരുന്നുവെന്ന് സോണ അറിയുകയും, അതോടെ താനും മരിക്കുമെന്ന് പറഞ്ഞ് അമ്മയോട് വിഷമം പങ്കുവെക്കുകയും ചെയ്തിരുന്നു. ഉടൻ നാട്ടിലെത്തിച്ച് ചികിത്സ നൽകാമെന്ന് പറഞ്ഞ് മാതാപിതാക്കൾ അന്ന് സോണയെ ആശ്വസിപ്പിച്ചു.
എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാമത്തെ ദിവസം തന്നെ സോണ കോമ അവസ്ഥയിലാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. കോമയിൽ കഴിയുന്ന സോണയെ നാട്ടിലെത്തിച്ച് മികച്ച ചികിത്സ നൽകാൻ ലക്ഷക്കണക്കിന് രൂപ ആവശ്യമായി വന്നതോടെ കുടുംബം പ്രതിസന്ധിയിലാവുകയും സർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
സോണയെ നാട്ടിലെത്തിക്കാൻ ഉറ്റ ബന്ധുക്കൾ ജോർജിയയിൽ എത്തേണ്ടതുണ്ടായിരുന്നതിനാൽ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. മൂന്നര വർഷം മുൻപാണ് ലോണെടുത്താണ് സോണയെ മാതാപിതാക്കൾ മെഡിക്കൽ പഠനത്തിനായി ജോർജിയയിലേക്ക് അയച്ചത്. നാട്ടിലെത്തിച്ച് ചികിത്സ നൽകി മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്ന മാതാപിതാക്കളുടെ എല്ലാ ശ്രമങ്ങളെയും വിഫലമാക്കിയാണ് സോണയുടെ വേർപാട്.