ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നു; വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ: തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നു; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക സാധ്യത

Update: 2024-10-07 23:51 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ശക്തമായ മഴ പെയ്യും. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഒക്ടോബര്‍ ഒന്‍പതോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് വഴി ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 11 വരെ അതിശക്തമായ & ശക്തമായ മഴയ്ക്കും സാധ്യത.

Tags:    

Similar News