ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ ആ കുടുംബം; നടയിൽ കാൽ ചവിട്ടിയതും വീടിനുള്ളിൽ അസാധാരണ വെളിച്ചം; തുറന്ന് നോക്കിയതും ഞെട്ടൽ; കേസെടുത്ത് പോലീസ്
കാസർകോട്: കുമ്പള നായ്കാപ്പിലെ അഭിഭാഷക ചൈത്രയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളും പണവും കവർന്നു. ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് കവർച്ച നടന്നത്. ഏകദേശം 31,67,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു. ചൈത്രയും കുടുംബവും ക്ഷേത്രോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി രക്ഷപ്പെട്ടു. 29 പവൻ സ്വർണം, കാൽ ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ, 5000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മലുകൾ, കുട്ടികളുടെ മാല, കുട്ടികളുടെ സ്വർണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
കാസർകോട് ബാറിലെ അഭിഭാഷകയാണ് ചൈത്ര. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ ഡിസംബറിൽ കഴിഞ്ഞ വിവാഹ നിശ്ചയത്തിന്റേതായ സ്വർണവും ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് പോയ ചൈത്രയും കുടുംബവും രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിലെ ലൈറ്റുകൾ കത്തിക്കിടക്കുന്നതും അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായതും ശ്രദ്ധയിൽപ്പെട്ടത്.
ചൈത്രയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.