സ്വത്തുമായി ബന്ധപ്പെട്ട തർക്കം; ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് പിടിയിൽ
കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് ചിയ്യൂര്‍ താനമഠത്തില്‍ ഫൈസൽ അറസ്റ്റിലായത്. നാദാപുരം കല്ലാച്ചിയില്‍ ഭാര്യയെ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ ഒളിവിലായിരുന്ന ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിയെ ക്രൂരതയിലേക്ക് നയിച്ചത്.
തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയാണ് പ്രതി ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അക്രമത്തിൽ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനക്ക് ഇടത് വയറിലും കൈക്കും പരിക്കേറ്റിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികൾ ഉടനെ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷംന ആശുപത്രിയില്‍ ചികിത്സയിലാണ്. ഷംന അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്‌തെന്നറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഷംനയുടെ പേരിൽ വയനാട്ടിലും മറ്റ് സ്ഥലങ്ങളിലും സ്വത്തുക്കള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പേരിലുള്ള സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ നിരന്തരം ഷംനയെ ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫൈസലിന്റെ പേരില്‍ വധശ്രമത്തിന് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.